ന്യൂഡൽഹി: പീഡന ആരോപണത്തെ തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാല പ്രൊഫസറും കോൺഗ്രസ് എംപിയുമായ അൻഗോംച ബിമൊൽ അകോയിജാമിനെ സർവകലാശാലയിൽനിന്ന് പിരിച്ചുവിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഒപ്പിട്ട ഉത്തരവും പുറത്തുവന്നു.
ആഭ്യന്തര സമിതിയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കർശന അച്ചടക്ക നടപടി ശിപാർശ ചെയ്തതായി സർവകലാശാല അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ വസ്തുതകൾ പരിശോധിച്ചുമാണ് പിരിച്ചുവിടൽ തീരുമാനമെടുത്തതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർഥി പരിഷത്തും രംഗത്തെത്തിയിരുന്നു. നാല് മാസം മുമ്പ് സർവകലാശാലയുടെ ആഭ്യന്തര സമിതിക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ വൈകിയെന്നാരോപിച്ച് എബിവിപി വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രൊഫസറെ പിരിച്ചുവിടാനുള്ള നടപടിയിലേക്ക് സർവകലാശാല കടന്നത്.